National
ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ തനിക്ക് നേരെ അതിക്രമമുണ്ടായതായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ന്യൂഡൽഹിയിലേക്കുള്ള വിമാന യാത്രയ്ക്കിടെയാണ് തനിക്കെതിരെ അതിക്രമമുണ്ടായതായി ടിഎംസി എംപി വ്യക്തമാക്കി.
എക്സിലൂടെ ആണ് മഹുവ മൊയ്ത്ര ഇക്കാര്യം അറിയിച്ചത്. ഇൻഡിഗോ വിമാനത്തിനുള്ളിൽ വച്ച് ഒരു കൂട്ടം പുരുഷന്മാർ തന്നെ അപമാനിച്ചുവെന്നും സുരക്ഷാ ഭീഷണി ഉയർത്തിയെന്നും തൃണമൂൽ കോൺഗ്രസ് എംപി ആരോപിച്ചു.
"ചോർ ചോർ, ടിഎംസി ചോർ", "ജയ് ശ്രീറാം" തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയും പ്രകോപനപരമായ രീതിയിൽ സംസാരിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തുവെന്നും മഹുവ മൊയ്ത്ര എക്സിൽ കുറിച്ചു.
പ്രതിരോധത്തിനായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുക്കാൻ ഔദ്യോഗിക ആവശ്യത്തിനായി ഡൽഹിയിലേക്ക് പോകുകയായിരുന്നു മഹുവ മൊയ്ത്ര. ഇത് പ്രതിഷേധമല്ലെന്നും തന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും മഹുവ മൊയ്ത്ര കൂട്ടിച്ചേർത്തു.
Kerala
കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്ന് മഹുവ മൊയ്ത്ര എംപി. തൃണമൂലിന് അനുകൂലമായ തരംഗമാണ് സംസ്ഥാനത്തുള്ളതെന്നും മഹുവ അവകാശപ്പെട്ടു.
ഒന്നാം ഘട്ടത്തിലെ മികച്ച പോളിംഗ് മമതയുടെ ഭരണം തുടരാൻ ജനങ്ങൾ അംഗീകാരം നൽകിയതിന്റെ തെളിവാണെന്നും അഭിഷേക് അവകാശപ്പെട്ടു. ഇന്നും അത് തുടരും. നദിയയിലെ കരിംപുരിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മഹുവ.
"തൃണമൂൽ മികച്ച രീതിയിൽ മുന്നേറിയിരിക്കുകയാണ്. ഭരണം തുടരാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ജനം കൂടെനിന്നു. രണ്ടാം ഘട്ടത്തിലും അത് ആവർത്തിക്കും. സംസ്ഥാനത്തെ വൻ പുരോഗതിയിലേക്ക് നയിച്ച മമതയെ ജനം കൈവിടില്ലെന്നുറപ്പാണ്.'-അഭിഷേക് പറഞ്ഞു.
"ബിജെപിക്ക് സംസ്ഥാനത്ത് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ആദ്യ ഘട്ടത്തിൽ അവർ തകർന്നടിയുമെന്ന സൂചനകളാണ് വരുന്നത്. അവർക്ക് നിലവിലുള്ള സീറ്റുകൾ പോലും ലഭിക്കില്ല.'-അഭിഷേക് കൂട്ടിച്ചേർത്തു.
"എസ്ഐആറിലൂടെ സംസ്ഥാനത്തെ നിരവധി വോട്ടർമാരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന നീക്കിയത്. പക്ഷെ ബാക്കിയുള്ളവർ ഇതിനെതിരെ വിധിയെഴുതും.'- മഹുവ പറഞ്ഞു.
ബംഗാളിലെ രണ്ടാം ഘട്ട തെരഞ്ഞെടപ്പിന്റെ പോളിംഗ് രാവിലെ ഏഴിന് ആരംഭിച്ചു. തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ.
Kerala
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് നോട്ടീസയച്ച് കേരള പോലീസ്. തിരുവനന്തപുരം സൈബർ പോലീസാണ് നോട്ടീസ് നൽകിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ തകർക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.
പോലീസിന്റെ നോട്ടീസ് ലഭിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ച മഹുവ മൊയ്ത്ര, നടപടിയെ രൂക്ഷമായി പരിഹസിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നെറ്റിയിൽ ബിജെപി ചിഹ്നം പതിച്ച ചിത്രം പങ്കുവെച്ച മഹുവ, കമ്മീഷണറെ 'വാനിഷ് കുമാർ'എന്നും വിശേഷിപ്പിച്ചു. തന്റെ ഈ പോസ്റ്റാണ് സാമുദായിക ഐക്യം ഒന്നുകൂടി തകർക്കുന്നതെന്നും അവർ പരിഹാസരൂപേണ പറഞ്ഞു.
കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച സർക്കുലറിൽ സാങ്കേതിക പിഴവ് മൂലം ബിജെപിയുടെ സീൽ പതിഞ്ഞിരുന്നു. ഈ കത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് മഹുവ മൊയ്ത്ര നടത്തിയ പരാമർശങ്ങളാണ് നടപടിക്ക് കാരണമായത്. മഹുവയുടെ പോസ്റ്റ് തെരഞ്ഞെടുപ്പ് പ്രക്രിയയെ അപകീർത്തിപ്പെടുത്തുന്നതാണെന്നും സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്നും നോട്ടീസിൽ പറയുന്നു. വിവാദ പോസ്റ്റ് നീക്കം ചെയ്തില്ലെങ്കിൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
ബിജെപി സീൽ വന്നത് ഒരു ക്ലറിക്കൽ പിഴവ് മാത്രമാണെന്നും, പിഴവ് ശ്രദ്ധയിൽപ്പെട്ടയുടൻ തിരുത്തൽ വരുത്തിയതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ വ്യക്തമാക്കിയിരുന്നു. ഇതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെയും തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തിരുന്നു.
National
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവാ മൊയ്ത്രയും അവരുടെ മുൻ സുഹൃത്തും അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായിയും തമ്മിൽ വളർത്തുനായ 'ഹെൻറി'യുടെ അവകാശത്തെച്ചൊല്ലിയുള്ള തർക്കം വീണ്ടും ഡൽഹി ഹൈക്കോടതിയിൽ.
ഹെൻറി എന്ന നായയെ തനിക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടാണ് ജയ് അനന്ത് ദേഹാദ്രായി ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ നായ മഹുവാ മോയിത്രയുടെ പക്കലാണ്.
ഇരുവരും തമ്മിലുള്ള നിയമപോരാട്ടത്തിൽ ഹെൻറി ഒരു പ്രധാന ചർച്ചാവിഷയമാണ്. മഹുവാ മൊയ്ത്രയ്ക്കെതിരെയുള്ള 'കോഴ വാങ്ങി ചോദ്യം ചോദിച്ച' ആരോപണത്തിന് പിന്നിൽ ജയ് അനന്ത് ആയിരുന്നു. ആ സമയത്ത് ഹെൻറിയെ വിട്ടുനൽകിയാൽ പരാതി പിൻവലിക്കാമെന്ന് ജയ് അനന്ത് പറഞ്ഞിരുന്നതായി മഹുവാ മൊയ്ത്ര നേരത്തെ ആരോപിച്ചിരുന്നു.
നായയുടെ സംരക്ഷണം സംബന്ധിച്ച തർക്കത്തിൽ മധ്യസ്ഥ ചർച്ചകൾക്ക് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള തർക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് കേസ് വീണ്ടും കോടതിയിൽ എത്തിയത്.
കേസ് പരിഗണിച്ച കോടതി, ഇരുപക്ഷത്തോടും വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വളർത്തുനായയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി രണ്ട് പ്രമുഖർ തമ്മിൽ നടക്കുന്ന ഈ നിയമയുദ്ധം ദേശീയ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.
National
ന്യൂഡല്‍ഹി: കോല്‍ക്കത്തയിലെ ഇഡി റെയ്ഡുകളെത്തുടർന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിന് മുന്നില്‍ ടിഎംസി (തൃണമൂല്‍ കോണ്‍ഗ്രസ്) എംപിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ ഡെറക് ഒബ്രയന്‍, മഹുവ മൊയ്ത്ര തുടങ്ങിയവരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ എട്ടു ടിഎംസി എംപിമാരാണ് അമിത് ഷായുടെ ഔദ്യോഗിക വസതിക്കു സമീപം പ്രതിഷേധം ആരംഭിച്ചത്.
'ബംഗാളില്‍ മോദി-ഷാ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു എന്നുള്ള പ്ലക്കാര്‍ഡുകളുമായാണ് എംപിമാര്‍ ധര്‍ണയിരുന്നത്. പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപെട്ട് മഹുവ മൊയ്ത്രയെയും ഡെറക് ഒബ്രയനെയും ഉള്‍പ്പെടെ പോലീസ് വാഹനത്തിലേക്ക് ബലം പ്രയോഗിച്ച് നീക്കി. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ ടിഎംസിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന ഐ-പാക് (ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി) ഓഫീസിലും സ്ഥാപകന്‍ പ്രതീക് ജെയിന്റെ വസതിയിലും ഇഡി റെയ്ഡ് നടന്നതാണ് പ്രതിഷേധത്തിന് കാരണം.
പഴയ കല്‍ക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട പണമിടപാട് അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡെന്നാണ് ഇഡി അവകാശപ്പെടുന്നത്. എന്നാല്‍ ഇത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പകപോക്കലാണെന്നാണ് ടിഎംസിയുടെ ആരോപണം. റെയ്ഡിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിട്ട് സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു.
ടിഎംസിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ, സ്ഥാനാര്‍ഥി പട്ടിക തുടങ്ങിയ രഹസ്യ രേഖകള്‍ ഇഡി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച മമത ബാനര്‍ജി അമിത് ഷായ്ക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. എന്നാല്‍, റെയ്ഡ് രാഷ്ട്രീയ പ്രേരിതമല്ലെന്നും അന്വേഷണം നിയമാനുസൃതമാണെന്നുമാണ് ഇഡി അവകാശപ്പെടുന്നത്.
National
ന്യൂഡൽഹി: ചോദ്യത്തിനു പണം നൽകിയെന്ന കേസിൽ തൃണമൂൽ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരേ കുറ്റപത്രം സമർപ്പിക്കാൻ സിബിഐക്ക് അനുമതി നൽകിയ ലോക്പാൽ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. ലോക്പാൽ നിയമത്തിലെ വ്യവസ്ഥകൾ മനസിലാക്കുന്നതിൽ ലോക്പാലിനു പിഴവ് സംഭവിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി.
ലോക്പാൽ, ലോകായുക്ത നിയമത്തിലെ സെക്ഷൻ 20 അനുസരിച്ച് പ്രസക്തമായ വ്യവസ്ഥകൾക്കനുസൃതമായി അനുമതി നൽകുന്ന വശങ്ങൾ ഒരുമാസത്തിനകം പരിഗണനയ്ക്കെടുത്ത് പരിശോധിക്കാൻ കോടതി ലോക്പാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ മഹുവ ഒരു വ്യാപാരിയുടെ പക്കൽനിന്ന് പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്നതാണ് 2023ലെ കേസിനാധാരം. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ സിബിഐക്ക് അനുമതി നൽകി കഴിഞ്ഞ നവംബർ 12ന് ലോക്പാൽ ഉത്തരവിട്ടിരുന്നു. ഇതു ചോദ്യം ചെയ്താണ് മഹുവ ഹൈക്കോടതിയെ സമീപിച്ചത്.
ലോക്പാൽ അനുമതി തെറ്റാണെന്നും ലോക്പാൽ നിയമത്തിന്റെ വ്യവസ്ഥകൾക്കെതിരാണെന്നും സ്വാഭാവികനീതി തത്വങ്ങളുടെ കടുത്ത ലംഘനമാണെന്നും അതിനാൽത്തന്നെ അനുമതി റദ്ദാക്കണമെന്നും മഹുവ ഹർജിയിൽ ആവശ്യപ്പെട്ടു.
ലോക്പാൽ, ലോകായുക്ത നിയമത്തിന്റെ സെക്ഷൻ 20 (7) പ്രകാരം പൊതുസേവകരുടെ പ്രതികരണങ്ങൾ അനുമതി നൽകുന്നതിനുമുന്പ് ശേഖരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും തന്റെ വാദങ്ങൾ പൂർണമായി തള്ളിയാണു ലോക്പാൽ സിബിഐക്ക് അനുമതി നൽകിയതെന്ന് മഹുവ കോടതിയെ അറിയിച്ചു. ഇതു പരിഗണിച്ചാണ് കോടതി ലോക്പാൽ അനുമതി റദ്ദാക്കിയത്.
ഒരു മാസത്തിനുള്ളിൽ വിഷയം പുനഃപരിശോധിക്കാനും യുക്തിസഹമായ ഒരു തീരുമാനത്തിലെത്താനുമാണ് ലോക്പാലിനുള്ള കോടതിയുടെ നിർദേശം.